വിരമിക്കാൻ നാല് ദിവസം ശേഷിക്കെ നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. ഗുരുതരാവസ്ഥയിൽ ഗാന്ധി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഹൈദരാബാദിലെ സർക്കാർ മേഖലയിലെ ജനറൽ ആൻഡ് ചെസ്റ്റ് ആശുപത്രിയിലെ സീനിയർ നഴ്സാണ് മരിച്ചത്.
പ്രമേഹ രോഗിയായിരുന്ന നഴ്സിനെ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഗാന്ധി ആശുപത്രിയിൽ എത്തിച്ചതെന്ന് ഡോക്ടർ പ്രഭാകർ റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. ജീവൻ നിലനിർത്തുന്നതിന് വെന്റിലേറ്റർ സഹായം നൽകിയെങ്കിലും രക്ഷപെടുത്താനായില്ല. തുടർന്ന് വെള്ളിയാഴ്ച നഴ്സ് മരണമടഞ്ഞുവെന്നും ഡോക്ടർ പറഞ്ഞു.
മെഡിക്കൽ ലീവിലായിരുന്ന നഴ്സ് ജീവനക്കാരുടെ അപര്യാപ്ത മൂലമാണ് അവധി റദ്ദാക്കി ജോലിയിൽ തിരികെ പ്രവേശിച്ചത്. എന്നാൽ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന് കൊവിഡ് പരിശോധന നടത്തുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു. കൊവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്തപ്പോഴായിരിക്കാം രോഗം പിടിപെട്ടതെന്നാണ് കരുതുന്നത്.
നഴ്സിന്റെ വിയോഗത്തിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജൻ അനുശോചനം അറിയിച്ചു. കൊവിഡ് ബാധിച്ച് ഒരു മുതിർന്ന നഴ്സ് ഹൈദരാബാദിൽ മരിക്കുന്ന സംഭവം ഇതാദ്യമാണ്