കൊവിഡ് ബാധിച്ച് ഷാർജയിൽ വച്ച് ആലപ്പുഴ എനക്കാട് സ്വദേശി എ എം തോമസ് (63) മരിച്ചത് മകളുടെ വിവാഹം എന്ന സ്വപ്നം യാഥാർത്ഥ്യമാകും മുൻപെ. കൊവിഡും ലോക്ക് ഡൗണും സൃഷ്ടിച്ച ഭീതി വഴിമാറിയതിന് ശേഷം മകളുടെ വിവാഹം നടത്താമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ ആഗ്രഹിച്ച കല്യാണം കാണാനുള്ള ഭാഗ്യം തോമസിനുണ്ടായില്ല.
മകളുടെ വിവാഹത്തിന് ദിവസം നിശ്ചയിച്ച ശേഷമാണ് ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത്. യുഎഇയിൽ നിന്ന് വിമാന സർവീസുകൾ ആരംഭിച്ചതും തോമസിന്റെ പ്രതീക്ഷകൾ കൂട്ടി. രോഗത്തിനും അതിനിടെ താത്കാലിക ശമനമുണ്ടായിരുന്നു. വിവാഹം അടുത്ത് തന്നെ നടത്താമെന്ന തോമസിന്റെ കണക്കുകൂട്ടലുകളെ കാറ്റിൽ പറത്തിയാണ് കൊവിഡ് അദ്ദേഹത്തെ കൊണ്ടുപോയത്.
സാഹചര്യങ്ങളെല്ലാം അനുകൂലമായതിലുള്ള സന്തോഷത്തിലായിരുന്നു തോമസ്. എന്നാല്‍ അതിനിടയിലാണ് കൊവിഡ് തോമസിന്റെ സ്വപ്നങ്ങളെ തട്ടിത്തെറിപ്പിച്ചത്. കൊവിഡ് ഭേദമായി നാട്ടിലേക്ക് പോകാനുള്ള തോമസിന്റെ കണക്കുകൂട്ടലുകളെല്ലാം അപ്പാടെ തെറ്റി.
മുപ്പത് വർഷത്തിലധികമായി പ്രവാസി ജീവിതത്തിലായിരുന്നു തോമസ്. ഭാര്യ- മറിയാമ്മ, മാത്യു തോമസ്, തോമസ് വർഗീസ്, എലിസബത്ത്, സൂസന്ന എന്നിവരാണ് മക്കൾ. ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. സോഫിയ ഇലക്ട്രിക്കൽസിന്റെ ഉടമയാണ്. ഇദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.