ദേവദാസ് കടയ്ക്കവട്ടം
“മനുഷ്യവർഗ്ഗത്തിന് മേൽ നിപതിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപമാണ് മദ്യപാനം” എന്ന് ഗാന്ധിജിയും” കുപ്പികളിലൂടെ ഭ്രാന്ത് കൈമാറുന്ന സ്ഥലമാണ് മദ്യശാല” എന്ന് ജോനാഥൻ സ്വിഫ്റ്റും അഭിപ്രായപ്പെട്ടിട്ട് വർഷങ്ങളായി.ഇപ്പോൾ മദ്യപാനത്തിനൊപ്പം തന്നെ പുകവലി, മറ്റ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവയും ലോകത്തിനാകെ ഭീഷണിയായി മാറിയിരിക്കുന്നു.
ഈ ഭീഷണിയെച്ചെറുക്കുന്നതിനായി 1987 ജൂൺ 26 മുതൽ ഐക്യരാഷ്ട്ര സംഘടന ലോക ലഹരി വിരുദ്ധ ദിനാചരണം നടത്തുന്നു.എന്നാൽ ആധുനിക സമൂഹത്തെ മുഴുവൻ കാർന്നുതിന്നുന്ന വൻ വിപത്തായി ഓരോ വർഷവും ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നു.
മദ്യ ഉപഭോഗത്തിൻ്റെ കാര്യത്തിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന സത്യം പലർക്കുമറിയില്ല. ദേശീയ ആളോഹരി മദ്യപാനത്തിൻ്റെ ഇരട്ടിയിലധികം ലിറ്റർ മദ്യം “ദൈവത്തിൻ്റെ സ്വന്തം നാട്ടിലെ ” മക്കൾ അകത്താക്കുന്നുണ്ട്. മദ്യപാനം മൂലം ഇവിടെ8 ലക്ഷത്തിലധികം പേർ കരൾ രോഗികളാണ്.85% വാഹനാപകടങ്ങളും ഏതെങ്കിലും ലഹരി വസ്തുക്കളുടെ ഉപയോഗം മൂലം സംഭവിക്കുന്നു. ലഹരി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങളുടെ കാര്യത്തിലും കേരളം ദേശീയ ശരാശരിയുടെ ഇരട്ടിയോളം വരും. ഒരു വർഷം കേരളീയർ കുടിച്ച് തീർക്കുന്ന മദ്യത്തിൻ്റെ അളവ് 27 കോടി ലിറ്ററോളം വരും.
മദ്യ ഉപഭോഗത്തിൻ്റെ അവസ്ഥ ഇങ്ങിനെയാണെങ്കിൽ മറ്റ് ലഹരി ഉപയോഗത്തിൻ്റെ കാര്യത്തിലും നമ്മൾ ഒട്ടും പിറകിലല്ല. സ്കൂൾ കുട്ടികളുടെ ഇടയിൽ വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നത് ഭാവി സമൂഹത്തെക്കുറിച്ചുള്ള കനത്ത ഉത്കണ്ഠയ്ക്ക് കാരണമായിത്തീരുന്നു.
നിദ്രകങ്ങൾ, ശമനകങ്ങൾ, ഉത്തേജങ്ങൾ, ശമനവിരോധികൾ, വിഭ്രമജനകങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായാണ് മയക്ക് മരുന്നുകൾ തരം തിരിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെയുള്ള ഫലങ്ങൾ തന്നെയാണ് ഇവ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്. മരവിപ്പ്, തളർച്ച, മന്ദത, ആത്മഹത്യാ പ്രവണത, കുറ്റകൃത്യവാസന, അക്രമവാസന, മനോരോഗം, വിഷാദരോഗം, ഇല്ലാത്ത കാര്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുക, വിഭ്രമാത്മകത, ബുദ്ധിഭ്രമം തുടങ്ങിയവയെല്ലാം ഇവയുടെ ഉപയോഗഫലങ്ങളാണ്.
സ്വന്തം അച്ഛനമ്മമാരെ വെട്ടിയരിയുന്ന മക്കൾ, ഭാര്യയെ സംശയിച്ച് ശ്വാസം മുട്ടിച്ച് കൊല്ലുന്ന ഭർത്താവ്, മക്കളെ വലിച്ചെറിഞ്ഞ് കൊല്ലുന്ന അമ്മമാർ, സ്വന്തം സഹോദരിയുടെ നഗ്നചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന സഹോദരൻ ,വർഷങ്ങളോളം പോറ്റി വളർത്തിയ അച്ഛനമ്മമാരെ ഉപേക്ഷിച്ച് ഒരു മാസം മുൻപ് പരിചയപ്പെട്ട കാമുകൻ്റെ കൂടെ ഇറങ്ങിപ്പോകുന്ന പെൺകുട്ടി എന്നിവരെല്ലാം പലപ്പോഴും ലഹരി വസ്തുക്കളുടെ ഇരകളാണ് എന്നത് ഞെട്ടിപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ്.
തുടക്കത്തിൽ ഒരു രസത്തിന് സിഗരറ്റ് വലിക്കുകയും മദ്യപിക്കുകയും പാൻപരാഗ് പോലുള്ളവ ഉപയോഗിക്കുകയും ചെയ്യുന്നവരാണ് നമ്മുടെ കുട്ടികളിൽ പലരും. പിന്നീട് ഇത് കേമത്തമായി മാറുന്നു. അവസാനം ഉപേക്ഷിക്കാനാവാത്ത വിധം ഇവർ അവയുടെ അടിമയാവുന്നു.
മദ്യപാനികൾ വായ, നാക്ക്, അന്നനാളം,കരൾ എന്നിവിടങ്ങളിൽ ക്യാൻസർ രോഗത്തിന് വശപ്പെടുന്നു.കൂടാതെ മറ്റ് പല രോഗങ്ങൾക്കും അടിപ്പെടുന്നു.കപ്പിച്ചില്ല് അടക്കമുള്ള മാരക വസ്തുക്കൾ പൊടിച്ച് ചേർത്തിട്ടുള്ള പാൻപരാഗ് വരുത്തുന്ന അപകടങ്ങളും നിസ്സാരമല്ല. പാൻപരാഗിൽ നിന്നും ഹാഷിഷ്, കഞ്ചാവ് ,ചരസ് എന്നിവയിലേക്ക് എത്തിച്ചേരുന്നു. നാലായിരത്തിലധികം വിഷവസ്തുക്കൾ അടങ്ങിയ സിഗരറ്റിൻ്റെ ഉപയോഗവും ഇത്തരം അവസ്ഥയിലെത്തിക്കുന്നു. അവസാനം ഇത് ഉപയോഗിക്കാതിരുന്നാൽ ‘വിത്ത് ഡ്രോവൽസിൻഡ്രോം ‘ പോലുള്ള ഗുരുതരമായ അവസ്ഥയിലേക്ക് ലഹരി ഉപയോഗിക്കുന്നയാൾ എത്തിച്ചേരുന്നു.സ്ക്കൂൾ വിദ്യാർത്ഥികൾ വ്യാപകമായി ഉപയോഗിക്കുന്നത്LSD, PCP, കഞ്ചാവ് എന്നിവയാണ്.
ചരസ്, മെസ്ക്കലിൻ എന്നിവയും പട്ടണപ്രദേശങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അധ്യാപക- രക്ഷാകർതൃ സംഘടനകൾ, ക്ലബ്ബുകൾ, രാഷ്ട്രീയപ്പാർട്ടികൾ, വിദ്യാർത്ഥി സംഘടനകൾ എന്നിവ സജീവമായി ഇടപെട്ടാൽ ഒരു പരിധി വരെ ഈ ഭീഷണിയെ ചെറുക്കാൻ കഴിയും. ഇനിയും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ അത് വരും തലമുറയോട് നാം ചെയ്യുന്ന ഏറ്റവും വലിയ അപരാധമായിരിക്കും എന്നത് നിസ്തർക്കമായ കാര്യമാണ്.ഒരു കുട്ടിയെപ്പോലും ലഹരിയിലേക്കിറങ്ങി നശിക്കാൻ അനുവദിക്കില്ല എന്ന് ഈ ദിവസം നമുക്കോരോരുത്തർക്കും ദൃഢപ്രതിജ്ഞയെടുക്കാം. ലഹരി വിരുദ്ധ ദിനാചരണത്തിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ അതിൻ്റെ തുടർ പ്രവർത്തനങ്ങളുമായി ഇനിയുള്ള എല്ലാ ദിവസങ്ങളും നമുക്ക് മുന്നോട്ട് പോകാം.